3- GREGORY NAZIANZEN.jpgസഭാപണ്ഡിതനായ (Doctor of the Church) വി. ഗ്രിഗറി ഏഷ്യ മൈനറിലെ അറിയൻസസ് (Arianzus) എന്ന സ്ഥലത്താണ് ജനിച്ചത്. ക്രിസ്തുവർഷം 325 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം എന്ന് അനുമാനിക്കപ്പെടുന്നു. നാസിയാൻസണിലെ ബിഷപ് (329-374) ആയിരുന്ന ഗ്രിഗറി ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

തന്റെ മുപ്പതാമത്തെ വയസിൽ മാമ്മോദീസ സ്വീകരിച്ച അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായിരുന്ന വി. ബേസിലിന്റെ കൂടെ പുതുതായി രൂപീകരിച്ച ഒരു ആശ്രമത്തിൽ ചേർന്നു. നാല്പത്തിഒന്നാമത്തെ വയസിൽ അദ്ദേഹം കേസറിയായിലെ (Caesarea) സഹായമെത്രാൻ ആയി നിയമിക്കപ്പെട്ടു. വി. ബേസിലിനൊപ്പം ചേർന്നു ഏരിയനിസത്തെയും ഏരിയനിസത്തിൽ വിശ്വസിച്ചിരുന്ന വാലെൻസ് ചക്രവർത്തിയെയും ഗ്രിഗറിയും എതിർത്ത് പോന്നു.

കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് ഏരിയനിസത്തെ വിമർശിച്ചു കൊണ്ട് സഭയുടെ പഠനങ്ങളെ ഉയർത്തിപ്പിടിച്ചു അദ്ദേഹം പരിശുദ്ധ ത്രീത്വത്തെ കുറിച്ച് നടത്തിയ പ്രഭാഷണങ്ങൾ വളരെ പ്രശസ്തമായിരുന്നു. ‘ദൈവശാസ്ത്രജ്ഞൻ’ (the Theologian) എന്ന പേരിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ക്രിസ്തുവർഷം 389 -ൽ അദ്ദേഹം ദൈവത്തിൽ വിലയം പ്രാപിച്ചു.

ST. GREGORY NAZIANZEN
ജനുവരി 3

 

 

Advertisements

2- Basil the Great.jpgപ്രമുഖ സഭാപണ്ഡിതന്മാരിൽ ഒരുവനും കേസറിയായുടെ (Caesarea) മെത്രാനുമായിരുന്ന വി. ബേസിലിന്റെ ജനനം എ.ഡി. 329 -ലായിരുന്നു. എ. ഡി. 379 ജനുവരി 1 -നു തന്റെ അന്പതാമത്തെ വയസിൽ അദ്ദേഹം മരിച്ചു.

അത്തനാസിയൂസിനു ശേഷം പൗരസ്ത്യസഭക്കായി നാലാം നൂറ്റാണ്ടിലെ പാഷാണ്ഡതകളോട്, പ്രത്യേകിച്ച് ഏരിയനിസത്തോടു, പോരാടിയവരിൽ പ്രധാനിയായിരുന്നു വി. ബേസിൽ. യേശുക്രിസ്തുവിന്റെ ദൈവസ്വഭാവത്തെ നിഷേധിച്ച പഠനം ആയിരുന്നു ഏരിയനിസം. തന്റെ സുഹൃത്തായ നസിയാൻസസിലെ വി. ഗ്രിഗറിയോടും സഹോദരൻ നൈസായിലെ വി. ഗ്രിഗറിയോടും ചേർന്ന് വി. ബേസിൽ നാലാം നൂറ്റാണ്ടിലെ ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും വലിയ വളർച്ചക്ക് തന്നെ കാരണാമായി. മൂവരെയും കൂട്ടി ‘The Three Cappadoicans’ (കപ്പഡോച്ചിയായിലെ മൂവർസംഘം) എന്ന് വിളിച്ചു പോരുന്നു. ഈ സംഘത്തിലെ ദൈവശാസ്ത്രരചനകളുടെയും പ്രായോഗികബുദ്ധിയുടെയും ഏറ്റവും പ്രധാനി വി. ബേസിൽ ആയിരുന്നു എന്ന് പറയാം.

ഏരിയനിസത്തിൽ വിശ്വസിച്ചിരുന്ന വാലെൻസ് ചക്രവർത്തി വി. ബേസിലിനെ നിയന്ത്രിക്കാനും പാഷണ്ഡികളെ സഭയിൽ ഉൾക്കൊള്ളിക്കാനും ശ്രമിച്ചുവെങ്കിലും വി. ബേസിൽ അതിനെ ചെറുത് തോൽപ്പിച്ചു. വി. ബേസിലിന്റെ ഈ സന്ധിയില്ലാസമരം കാരണം അത്താനാസിയോസ് മരിച്ചപ്പോൾ ഏരിയനിസത്തെ ചെറുക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിൽ വന്നുപെട്ടു.

വി. ബേസിലിന്റെ മരണത്തിനു എഴുപത്തിരണ്ട് വർഷത്തിന് ശേഷം ചാൾസിഡോൺ (Chalcedon) സൂനഹദോസ് അദ്ദേഹത്തെ ‘മഹാനായ ബേസിൽ’ എന്ന പദവി നൽകി ആദരിച്ചു.

ST. BASIL THE GREAT
ജനുവരി 2

 

1 - Mother of God.jpgദൈവമാതാവ് എന്ന സംഞ്ജയോടെ പരിശുദ്ധ അമ്മയെ വിളിച്ചു തുടങ്ങിയത് മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആണ്. എന്നാൽ തിയോടോക്കോസ് (theotokos) എന്ന ഗ്രീക്ക് പദം കത്തോലിക്കാ സഭയുടെ പ്രമാണങ്ങളിൽ (doctrine) ഒന്നായി അംഗീകരിക്കപ്പെട്ടത് എ.ഡി. 431 ലെ എഫേസൂസ്‌ സൂനഹദോസിൽ വച്ച് ആയിരുന്നു. അങ്ങനെ തിയോടോക്കോസ് എന്നത് സഭയുടെ ആദ്യ മരിയൻ പ്രമാണം ആയി. തിയോടോക്കോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം ദൈവത്തെ വഹിക്കുന്നവൾ എന്നാണ്.

തിയോടോക്കോസ് എന്ന ഈ കത്തോലിക്കാ പ്രമാണം യേശുവിന്റെ മനുഷ്യാവതാരരഹസ്യത്തിൽ അധിഷ്ടിതമാണ്. വി. പൗലോസ് ശ്ലീഹ പറയുന്നത് പോലെ : “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ സ്ത്രീയിൽ നിന്ന് ജാതനായി; നിയമത്തിനു അധീനനായി ജീവിച്ചു.” (ഗലാ 4 :4). രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ Lumen Gentium എന്ന Dogmatic Constitution -റ്റെ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള അധ്യായത്തിൽ മറിയത്തെ ‘ദൈവമാതാവ്’ എന്ന് 12 പ്രാവശ്യം അഭിസംബോധന ചെയ്യുന്നുണ്ട്.

പോൾ ആറാമൻ മാർപാപ്പയുടെ കാലം മുതൽ കത്തോലിക്കാ സഭ ജനുവരി ഒന്ന് ‘സമാധാനത്തിന്റെ ദിവസം’ ആയും ആചരിച്ചു പോരുന്നുണ്ട്. പിന്നീട് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ ആഘോഷത്തെ സ്ഥിരീകരിച്ചു.

SOLEMNITY OF MARY, MOTHER OF GOD 
ജനുവരി 1

 

ഏദനിലെ തോട്ടം

Garden-of-eden-wallpaper-kfzc1wlw.jpg

“അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്. ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.” (ഉൽപ്പത്തി 2:8-15)

ഉൽപ്പത്തിയുടെ പുസ്തകത്തിലെ അബ്രഹാമിന്റെ കഥ വരെയുള്ള ഭാഗത്തെ (ഉൽപ്പത്തി 1-11) ചരിത്രാതീതകാലം എന്നാണു പൊതുവിൽ വിളിക്കുന്നത്. അതിനാൽ തന്നെ ഈ ഭാഗത്ത് പ്രതിപാധിച്ചിരിക്കുന്ന കഥകളെ പുരാതനമനുഷ്യനു പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും ജീവനെക്കുറിച്ചും ചരിത്രത്തിലെ ദൈവത്തിന്റെ സ്വാധീനത്തെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും പഠിപ്പിക്കുവാൻ തയാറാക്കിയ ഉപാധിയായാണു നാം കാണേണ്ടത്. ചരിത്രാതീതകാലം എന്നു വിലയിരുത്തുമ്പോളും ഇസ്രായേൽ ഒരു ജനതയായി രൂപപ്പെട്ടതിനുശേഷം രചിക്കപ്പെട്ട ഈ കഥകളിൽ അവരുടെ ചുറ്റുമുണ്ടായിരുന്ന സ്ഥലങ്ങളും അവർ മനസ്സിലാക്കിയ പ്രപഞ്ചരഹസ്യങ്ങളുമൊക്കെ നമുക്ക് കാണുവാൻ സാധിക്കും. ഉദാഹരണമായി ഉൽപ്പത്തി 10:25 -ൽ നാം ഇപ്രകാരം വായിക്കുന്നു. “ഏബറിനു രണ്ടു പുത്രന്മാരുണ്ടായി. ഒരുവന്റെ പേരു പെലെഗ്. കാരണം, അവന്റെ കാലത്താണു ഭൂമി വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേർ യോക്താൻ.”[1] ഇവിടെ പ്രതിപാദിക്കുന്ന പ്രകാരം ഭൂമി വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണു Great Rift Valley (മഹാപിളർപ്പിനെ തുടർന്നുണ്ടായ താഴ്വാരം) എന്നറിയപ്പെടുന്ന ലെബനോനിലെ ബെക്കാ താഴ്വാരം മുതൽ ആഫ്രിക്കയുടെ ദക്ഷിണ-കിഴക്ക് പ്രദേശമായ മൊസാംബിക്ക് വരെ ഏകദേശം 6000 കിലോമീറ്റർ നീളമുള്ള പ്രദേശം. ഇങ്ങനെ നോക്കിയാൽ ഏദൻ തോട്ടവും പുരാതന ഇസ്രായേൽ ജനതക്ക് പരിചയമുള്ള ഒരു പ്രദേശം ആയിരുന്നിരിക്കണം. ചരിത്രാതീനകാലത്തെ കഥ ആണെങ്കിലും ഉൽപ്പത്തി പുസ്തകത്തിന്റെ രചയിതാവിന്റെ കണ്ണിലൂടെ ഏദൻ തോട്ടം അടയാളപ്പെടുത്തുവാൻ ശ്രമിക്കുകയാണു ഇവിടെ.

ഏദൻ തോട്ടം എന്നു പൊതുവിൽ പറയുന്നുവെങ്കിലും ദൈവം ഏദനിൽ തോട്ടം നിർമ്മിച്ചു എന്നാണു നാം മനസ്സിലാക്കേണ്ടത്. ഏദൻ എന്ന പ്രദേശം ഈ തോട്ടത്തേക്കാൾ വലുതായിരുന്നു. കിഴക്ക് ഏദനിൽ ആയിരുന്നു ദൈവം തോട്ടം നിർമ്മിച്ച് മനുഷ്യനെ അവിടെ ആക്കിയത്. ഈ തോട്ടത്തിന്റെ സ്ഥലപരിധി നിർണ്ണയത്തെക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സഹായകരമാവുക തോട്ടം നനയ്ക്കാൻ ഏദനിൽ നിന്നു പുറപ്പെട്ട നദികളാണ്. “തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു.” സാധാരണ പല പോഷകനദികൾ ഒരുമിച്ചു കൂടി ഒരു നദിയായി ഒഴുകുക ആണു പതിവ്. ഉദാഹരണമായി യമുനയും സോണും കോസിയും മഹാനന്ദയുമൊക്കെ ചേർന്നാണു ഗംഗ ഒഴുകുന്നത്. (അതിനാൽതന്നെ നദികളുടെ പേരുകൾ ആപേക്ഷികമാണു. വളരെ സങ്കീർണ്ണമായ ഒരു നദീഘടനയിലെ ചില പ്രത്യേക ഖണ്ഡത്തിന്റെ പേരായിരിക്കും ഓരോ പോഷകനദികൾക്കും) എന്നാൽ ഇവിടെ ഒരു നദി നാലു മുഖങ്ങളായി പിരിഞ്ഞു, നാലു നദികളായി ഒഴുകുന്നു. ഏദനിലെ തോട്ടത്തെ നനച്ച നദികളുടെ ഈ പ്രത്യേകത വച്ചു നോക്കിയാൽ ഇന്നത്തെ ഭൂപടത്തിൽ ഈ തോട്ടം അടയാളപ്പെടുത്തുക ബുദ്ധിമുട്ടാണു. എങ്കിലും ഉൽപ്പത്തിയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ നദികളെയും അടയാളപ്പെടുത്തുവാൻ നമുക്ക് ഒന്നു ശ്രമിക്കാം.

  1. പിഷോണ്‍

“ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്” (ഉൽപ്പത്തി 2:11-12).

ഏദനിലെ തോട്ടവുമായി ബന്ധപ്പെട്ടു ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന നദിയുടെ പേരാണു പിഷോൺ. അതു സ്വർണ്ണത്തിന്റെ നാടായ ഹവിലാ മുഴുവൻ ചുറ്റി ഒഴുകുന്നു. ഹവിലായെക്കുറിച്ചു ഇത്രയും വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതു എവിടെയാണെന്ന് ഇതുവരെയും സംശയലേശമന്യെ നിർണ്ണയിക്കുവാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ പിഷൊൺ നദിയെക്കുറിച്ച് നമുക്കുള്ളതെല്ലം സാങ്കൽപ്പികസിദ്ധാന്തങ്ങൾ മാത്രമാണ്. സ്വർണ്ണത്തെക്കുറിച്ചും സുഗന്ദദ്രവ്യങ്ങളെക്കുറിച്ചുമൊക്കെ സൂചിപ്പിച്ചിരിക്കുന്നത് കൊണ്ടാവാം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്ലാവിയൂസ് ജോസെഫൂസ് എന്ന യൂദാചരിത്രകാരൻ തന്റെ പ്രശസ്ത ഗ്രന്ഥമായ യൂദാപഴമകളിൽ പിഷോൺ എന്നത് ഗംഗാനദിയാണു എന്ന് വാദിച്ചിരുന്നു.[2] എന്നാൽ ഉൽപ്പത്തിയുടെ പുസ്തകത്തിലെ വിവരണങ്ങൾ വച്ചു നോക്കിയാൽ ഇതു സംശയാതീതമായി തെളിയിക്കുക സാധ്യമല്ല. കാരണം തോട്ടം നനച്ച മറ്റു മൂന്നു നദികളുമായി ഗംഗ ഒരുമിച്ച് ഒഴുകിയിരുന്നു എന്നത് തെളിയിക്കുക ബുദ്ധിമുട്ടാണു.

മെദീനയിൽ നിന്ന് ആരംഭിച്ച് കുവൈറ്റിന്റെ അതിർത്തിയിൽ അവസാനിക്കുന്നതും ഇപ്പോൾ വറ്റിപ്പോയതുമായ വാഡി ബിഷ എന്ന നദിയുമായും ഇറാനിൽ മെസപ്പൊട്ടമിയയുടെ വടക്കുകിഴക്ക് ഭാഗത്ത് ഉള്ളതുമായ ഉയിസൂൺ (സെഫിദ്-രൂദ്) എന്ന നദിയുമായൊക്കെ പിഷൊണിനെ അടയാളപ്പെടുത്താറുണ്ട്.

എന്നാൽ ഹവിലയെക്കുറിച്ച് ബൈബിളിൽ തന്നെ പ്രതിപാദിച്ചിട്ടുള്ള മറ്റു ഭാഗങ്ങൾ പരിശോദിച്ചാൽ ഹവില എന്നത് കൊണ്ട് ബൈബിൾ ഏതു പ്രദേശമാണു ഉദ്ദേശിക്കുന്നത് എന്ന് കുറച്ചൊക്കെ വ്യക്തമാകും.

“ഇസ്മായേലിന്റെ ആയുഷ്‌കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ അന്ത്യശ്വാസം വലിക്കുകയും തന്റെ ബന്ധുക്കളോടു ചേരുകയും ചെയ്തു. ഹവിലാ മുതല്‍ ഷൂര്‍വരെയുള്ള ദേശത്ത് അവര്‍ വാസമുറപ്പിച്ചു. അസ്‌സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണു ജീവിച്ചത്.” (ഉൽപ്പത്തി 25:17-18)

“സാവൂള്‍ ഹവില മുതല്‍ ഈജിപ്തിനു കിഴക്ക് ഷൂര്‍വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.” (1 സാമുവൽ 15:7)

ഇതിൽ ഷൂറിനെക്കുറിച്ച് മാത്രമെ വിശദീകരണങ്ങൾ കൊടുത്തിട്ടുള്ളു. ഷൂർ ഈജിപ്തിന്റെ എതിർവശത്ത് അസ്സീറിയയ്ക്കു പോകുന്ന ദിശയിൽ ആണെന്നും ഈജിപ്തിന്റെ കിഴക്ക് വശത്ത് ആണെന്നുമാണു ഈ വിശദീകരണങ്ങൾ. ഈ വിവരങ്ങൾ വച്ചു നോക്കിയാൽ സൂയസ് കടലിടുക്കിനോട് ചേർന്നു കിടക്കുന്ന ഭാഗത്താണു ഷൂർ. എന്നാൽ ഹവിലായെക്കുറിച്ച് ഇവിടെ മറ്റു വിശദീകരണങ്ങൾ ഒന്നും കൊടുത്തിട്ടില്ല. ഒരുപക്ഷെ ഹവില എന്ന പ്രദേശം അന്നു വായനക്കാർക്ക് സുപരിചിതമായിരുന്നതുകൊണ്ടാവാം അതു സംഭവിച്ചത്. എന്നാൽ ‘ഹവില മുതൽ ഷൂർ വരെ’ എന്നത് ഇവിടെ തീർച്ചയായും പ്രസക്തമാണ്. കാരണം സാധാരണ രീതിയിൽ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെ എന്ന അർത്ഥത്തിലാണു നാം ‘മുതൽ… വരെ’ എന്ന ശൈലി പ്രയോഗിക്കുന്നത്. അതിനാൽ തന്നെ ഷൂർ കിഴക്ക് ആയിരുന്നെങ്കിൽ ഹവിലാ പടിഞ്ഞാറ് ആയിരുന്നിരിക്കണം. ഷൂർ വടക്ക് ആയിരുന്നെങ്കിൽ ഹവിലാ തെക്ക് ആയിരുന്നിരിക്കണം. എന്നാൽ ഷൂർ ഈജിപ്തിന്റെ കിഴക്ക് എന്നു പറയുന്നതിൽ നിന്നും ഹവിലായുടെ സ്ഥാനം മനസിലാക്കുക പ്രയാസകരമാണെങ്കിലും ഹവിലാ ഷൂറിന്റ് തെക്കുഭാഗം ആയിരിക്കുവാൻ ആണു സാധ്യത. കാരണം ഈജിപ്തിന്റെ എതിർവശത്ത് കിഴക്ക് വരുന്ന സൂയസ് കടലിടുക്കിന്റെ വടക്കുഭാഗം കടലും പടിഞ്ഞാറുഭാഗം ഈജിപ്തും കിഴക്കുവശം അസ്സീറിയയും ആണു. എന്നുവച്ചാ‍ൽ ഹവിലാ എന്നു പറയപ്പെടുന്ന പ്രദേശം അറേബ്യൻ ഉപഭൂഖണ്ടത്തിൽ എവിടെയൊ ആയിരുന്നു എന്നു വേണം അനുമാനിക്കുവാൻ. ഇതു ഹവിലയെക്കുറിച്ച് രണ്ട് സാധ്യതകൾ ആണു നമ്മുടെ മുൻപിൽ വക്കുന്നത്.

ഹവിലാ എന്നത് ഇപ്പോൾ സൌദി അറേബ്യയിൽ ആയിരിക്കാം എന്നുള്ളതാണു ഇതിൽ ആദ്യത്തെ സാധ്യത. മുമ്പ് സൂചിപ്പിച്ച കാര്യങ്ങളോടൊപ്പം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സൌദി അറേബ്യയിൽ കണ്ടെത്തിയ വറ്റിവരണ്ടുപോയ പുരാതന നദികളുടെ സാന്നിധ്യം കൂടി പരിഗണിച്ചാൽ ഹവിലാ സൌദി അറേബ്യയിൽ ആണെന്നും പിഷോൺ വറ്റിവരണ്ടു പോയ ആ നദിയാണെന്നും അനുമാനിക്കേണ്ടി വരും. എന്നാൽ ഹവിലായെ സംബന്ധിക്കുന്ന ബാക്കി വിവരണങ്ങൾ പരിശോദിച്ചാൽ ഹവിലാ എന്നത് സൌദി അറേബ്യയിൽ ആകുവാൻ ഉള്ള സാധ്യത സംശയം ആണ്.

ഹവിലാ എന്നത് ഇപ്പോൾ യെമനിൽ ആയിരുന്നിരിക്കാം എന്നുള്ളതാണു രണ്ടാമത്തെ സാധ്യത. സ്വർണ്ണത്തിനും പവിഴക്കല്ലുകൾക്കും ഒരു കാലത്ത് പേരുകേട്ട സ്ഥലമായിരുന്നു യെമൻ. അങ്ങനെ നോക്കിയാൽ പിഷോൺ ഒഴുകിയിരുന്നത് യെമനിൽ കൂടി ആകുവാൻ സാധ്യത ഉണ്ട്. മാത്രമല്ല, നദി ഒഴുകിയിരുന്ന കാലത്ത് ആ പ്രദേശം ഫലപുഷ്ഠിയുള്ളത് ആയിരുന്നിരിക്കാം. അങ്ങനെയെങ്കിൽ സുഗന്ദദ്രവ്യങ്ങളും അവിടെ ധാരാളമായി കണ്ടിരുന്നിരിക്കാം. ഉൽപ്പത്തി 2:18 പ്രകാ‍രം ഇഷ്മായേലിന്റെ പിൻതലമുറ തങ്ങളുടെ ചാർച്ചക്കാരിൽ നിന്നെല്ലം അകന്നാണു കഴിഞ്ഞിരുന്നതെങ്കിൽ യെമനു സാധ്യത കൂടുതലാണു.

  1. ഗിഹോണ്‍

“രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു.”

ഏദനിൽ നിന്നു ഉത്ഭവിച്ച നദിയുടെ രണ്ടാമത്തെ കൈവഴി ആണു ഗിഹോൺ. ഉൽപ്പത്തിയുടെ പുസ്തകതിൽ ഇതു കുഷ് എന്ന നാടിനെ ചുറ്റി ഒഴുകുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. കുഷ് എന്നതു എത്തിയോപ്യയുടെ പ്രദേശങ്ങളാണു. പിഷോൺ നദിയെക്കുറിച്ചെന്നതു പോലെ ഇതിനെക്കുറിച്ചും സംശയാതീതമായി തെളിയിക്കുവാൻ സാധിച്ചിട്ടില്ല. പിഷോണിനെ ഗംഗാനദിയായി അടയാളപ്പെടുത്തിയ ജോസെഫൂസ് ഗിഹോണിനെ നൈൽ നദിയായി അടയാളപ്പെടുത്തിയിരുന്നു. അക്കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും വലിയ ആഫ്രിക്കൻ നദി ആയിരുന്നതുകൊണ്ടാവണം ഇത്. എന്നാൽ ഉൽപ്പത്തിയുടെ രചയിതാവ് ഗിഹോൺ എന്നതു കൊണ്ട് ഉദ്ദേശിച്ചതു ഇതാവാൻ സാധ്യത ഇല്ല. കാരണം പലപ്പോഴും ഈജിപ്തിനെ പ്രതിപാദിച്ചിരുന്ന രചയിതാവ് ഈ നദിയുടെ കൂടെ ഈജിപ്തിന്റെ പേരു പരാമർശിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ദേയമാണു.

ഇന്നു ചെങ്കടൽ എന്നറിയപ്പെടുന്ന സ്ഥലത്ത് കൂടി മുമ്പ് ഒരു നദി ഒഴുകിയിരുന്നുവെങ്കിൽ അതു ഈ പറയുന്നതുപോലെ എത്യോപ്പയെ ചുറ്റി ഒഴുകിയിരുന്നിരിക്കണം. ഏഷ്യയെയും ആഫ്രിക്കയയും വേർതിരിച്ച മഹാപിളർപ്പിനു മുമ്പ് ഇങ്ങനെ ഒരു നദി ഈ പ്രദേശത്തു കൂടി ഒഴുകിയിരിക്കുവാനുള്ള സാധ്യത തള്ളിക്കളയുവാൻ സാധിക്കില്ല.[3]

ഇനി ഗിഹോണിനെക്കുറിച്ച് ബൈബിളിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു കാര്യങ്ങൾ കൂടി പരിഗണിക്കാം.

“അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്‍മാരെ കൂട്ടിക്കൊണ്ട്, എന്റെ മകന്‍ സോളമനെ എന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി, ഗീഹോനിലേക്കു കൊണ്ടു പോകുവിന്‍…. … … പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും യഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി… … … പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഗീഹോനില്‍വച്ചു രാജാവായി അഭിഷേകം ചെയ്തു.” ( 1 രാജാക്കന്മാർ 33, 38, 45).

“ഗീഹോന്‍ അരുവിയുടെ മുകളിലെ കൈവഴി തടഞ്ഞ് ജലം ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചുവിട്ടത് ഈ ഹെസെക്കിയായാണ്. തന്റെ എല്ലാ ഉദ്യമങ്ങളിലും അവനു വിജയമുണ്ടായി.” (2 ദിനവൃത്താന്തം 32:30)

“അതിനുശേഷം അവന്‍ ദാവീദിന്റെ നഗരത്തിന് ഒരുപുറംമതില്‍ പണിതു. അതു ഗീഹോണിനു പടിഞ്ഞാറുള്ള താഴ്‌വരയില്‍തുടങ്ങി ഓഫേല്‍ ചുറ്റി മത്‌സ്യകവാടം വരെ എത്തി. അതു വളരെ ഉയരത്തിലാണ് കെട്ടിയത്. യൂദായിലെ എല്ലാ സുരക്ഷിത നഗരങ്ങളിലും അവന്‍ സേനാധിപന്‍മാരെ നിയമിച്ചു.” (2 ദിനവൃത്താന്തം 33:14)

മുകളിൽ സൂചിപ്പിച്ച ഗീഹോൺ അരുവി ജറുസലെമിലായിരുന്നു. ഈ ഗീഹോൺ അരുവിയും ഉൽപ്പത്തിയുടെ പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഗീഹോൺ നദിയും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഇല്ല. എങ്കിലും ഉൽപ്പത്തിയുടെ പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്ന ചില സവിശേഷതകൾ പരിഗണിച്ചാൽ ഒരുപക്ഷെ ചിത്രം മാറും. കാരണം ഉൽപ്പത്തിയുടെ പുസ്തകത്തിലെ വിവരണപ്രകാരം ഗീഹോണും പിഷോണുമൊക്കെ ഒരു നദിയുടെ തന്നെ പല കൈവഴികളാണു. ഈ രണ്ടു നദികളും ജറുസലെമിനു പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ ആണെങ്കിൽ നമ്മൾ ഇനി കാണുവാൻ പോകുന്നതു പോലെ യൂഫ്രട്ടീസും ടൈഗ്രീസും ജറുസലെമിന്റെ കിഴക്ക് ഭാഗത്ത് കൂടി ആണു ഒഴുകുന്നത്. അപ്പോൾ ഈ നാലു നദികളും എങ്ങനെ ഒരു നദിയുടെ നാലു കൈവഴികൾ ആകും?

മുമ്പ് സൂചിപ്പിച്ചതുപോലെ ഭൂഖണ്ടങ്ങളെ വേർപെടുത്തിയ മഹാപിളർപ്പിനു ശേഷം ഗിഹോൺ നദിയെ ചെങ്കടൽ എടുത്തുവെങ്കിൽ ഗിഹോണിൽ നിന്നു വേർപിരിഞ്ഞുപോയ പിഷോണും പോഷകനദിയുടെ അഭാവത്തിൽ വരണ്ട് പോയിരുന്നിരിക്കണം. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ വരണ്ടുപോയ അറേബ്യൻ ഉപഭൂഖണ്ടത്തിലെ ഇത്തരം പല നദികളുടെയും തെളിവുകൾ ലഭ്യമായ സാഹചര്യത്തിൽ ഇതു വളരെ വലിയൊരു സാധ്യത ആണു. അങ്ങനെയെങ്കിൽ ജറുസലെമിനു കിഴക്കുള്ള ഗിഹോൺ നദിയേയും പടിഞ്ഞാറുള്ള യൂഫ്രട്ടീസ്- ടൈഗ്രീസ് നദികളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഒരു നദി ഇസ്രായേലിൽ കൂടി ഒഴുകിയിരുന്നിരിക്കണം. ഗിഹോൺ എന്നു ബൈബിളിൽ അറിയപ്പെടുന്ന ജറുസലെമിനു ചേർന്നുള്ള അരുവി ഇതിന്റെ ഭാഗം ആയിരുന്നിരിക്കണം. മഹാ‍പിളർപ്പിനുശേഷം അറേബ്യൻ ഉപഭൂഖണ്ടത്തിൽ രൂപപ്പെട്ട ഉയർച്ച-താഴ്ച്ചകളുടെ (Horst and Grabens) ഫലമായി ഈ നദിയുടെ ഒഴുക്ക് നിന്നുപോയിരുന്നിരിക്കണം.

ചാവുകടലിന്റെ പഠനത്തിൽ നിന്നും അതു ഇങ്ങനെ രൂപപ്പെട്ട ഉയർച്ച-താഴ്ച്ചകളുടെ (Horst and Grabens) ഫലമാണെന്നു വ്യക്തമായിട്ടുണ്ട്. ഒരു കാലത്ത് ഇസ്രായേലിലും പ്രാന്തപ്രദേശങ്ങളിലും കൂടി ഒഴുകിയിരുന്ന ജോർദ്ദാൻ നദി ദക്ഷിണഭാഗത്ത് ചാവുകടലിലേക്ക് ചുരുങ്ങിപ്പോവുകയായിരുന്നു. ഇതിൽ നിന്നും ഇസ്രായേലിൽ ഇങ്ങനെ നദികൾ വരണ്ടുപോയിരിക്കുവാൻ ഉള്ള സാധ്യത നമുക്കു മനസ്സിലാക്കാം. ഒരു പക്ഷെ ജോർദ്ദാൻ നദി തന്നെയും ഈ ഗിഹോണിന്റെ ഒരു ഭാഗം ആയിരുന്നിരിക്കാം.

  1. ടൈഗ്രീസ്

“മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു.”

സെപ്തുഅജിന്റ് (ഹീബ്രൂ ബൈബിളിന്റെ ഗ്രീക്ക് തർജ്ജമ) ഉൾപ്പെടെയുള്ള തർജ്ജമകളിൽ ടൈഗ്രീസ് എന്നാണു കാണുന്നതെങ്കിലും ഹീബ്രൂ ബൈബിളിൽ ഈ നദിയുടെ പേരു ഹിദെക്കേൽ എന്നാണു. തുർക്കിയിലെ മലനിരകളിൽ ആരംഭിച്ച് സിറിയയിലൂടെയും ഇറക്കിലൂടെയും കടന്നുപോകുന്ന ടൈഗ്രിസ് യൂഫ്രട്ടീസ് നദിയിൽ ചേർന്നു കടലിൽ പതിക്കുന്നു. എന്നാൽ പുരാതനകാലത്ത് ടൈഗ്രീസും യൂഫ്രട്ടീസും വെവ്വേറെ പാതകളിലൂടെ ഒഴുകി കടലിൽ പതിച്ചിരുന്നുവെന്നു പ്ലീനിയുൾപ്പെടെയുള്ള പുരാതനചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (Pliny: Natural History, VI, XXVI, 128-131).

ടൈഗ്രീസിനെക്കുറിച്ച് ബൈബിളിലെ മറ്റു പരാമർശങ്ങൾ കൂടി പരിഗണിക്കുന്നതു ഉചിതമായിരിക്കും.

“ഒന്നാംമാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസ് എന്ന മഹാന ദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു.” (ദാനിയേൽ 10:4)

“അവര്‍യാത്ര ചെയ്തു വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു. തോബിയാസ് കുളിക്കാന്‍ നദിയിലിറങ്ങി…” (തോബിത് 6:1-2)

“അക്കാലത്താണ് നബുക്കദ്‌നേസര്‍ രാജാവ് റാഗാവിന്റെ അതിര്‍ത്തിയിലുള്ള വിശാല മായ സമതലത്തില്‍ വച്ച് അര്‍ഫക്‌സാദ് രാജാവിനോട് ഏറ്റുമുട്ടിയത്. മലമ്പ്രദേശത്തെ ജനങ്ങളും യൂഫ്രട്ടീസ്, ടൈഗ്രീസ്, ഹിദാസ്പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍ വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായസൈന്യങ്ങളോടു ചേര്‍ന്നു.” (യൂദിത്ത് 1:5-6)

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗങ്ങളിൽ നിന്നു ടൈഗ്രീസ് ഒഴുകിയിരുന്നത് അസ്സീറിയയുടെ ഭാഗങ്ങളിൽ ആണു എന്നു വ്യക്തമാണു. പുരാതന അസ്സീറിയ എന്നത് ഇന്നത്തെ സിറിയയും ഇറക്കും തുർക്കിയും ഇറാനും അടങ്ങുന്ന പ്രദേശമാണു. ഉൽപ്പത്തിയുടെ പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ടൈഗ്രീസ് അസ്സീറിയയുടെ കിഴക്കു ഭാഗത്തു കൂടി ആണു ഒഴുകിയിരുന്നത്. ഈ കിഴക്കു ഭാഗം എന്നത് ആപേക്ഷികം ആകാം. കാരണം യൂഫ്രട്ടീസ് നദിയുമായി താരതമ്യം ചെയ്താൽ ടൈഗ്രീസ് ഒഴുകുന്നത് കിഴക്കു ഭാഗത്തുകൂടിയാണു.

Tigris-euph.png

  1. യൂഫ്രട്ടീസ്

“നാലാമത്തെ നദി യൂഫ്രെട്ടീസ്.”

ഏദനിൽ നിന്നു ഉത്ഭവിച്ച മഹാനദിയുടെ നാലാമത്തെ കൈവഴി ആണു യൂഫ്രട്ടീസ്. എന്നാൽ ഈ നദിയെക്കുറിച്ച് മറ്റു വിവരണങ്ങൾ ഒന്നും കൊടുത്തിട്ടില്ല. അതിനാൽ തന്നെ ഉൽപ്പത്തിയുടെ രചയിതാവിന്റെ കാലത്തും യൂഫ്രട്ടീസ് നദി അറിയപ്പെട്ടിരുന്ന ഒരു നദിയായിരുന്നു എന്നു നമുക്കു അനുമാനിക്കാം. മുകളിൽ സൂചിപ്പിച്ചതുപോലെ ടൈഗ്രീസ് നദിയുടെ പടിഞ്ഞാറു ഭാഗത്തു കൂടിയാണു ഈ നദി ഒഴുകുന്നതു.

ഹീബ്രൂവിൽ ഫ്രാത്ത് എന്നാണെങ്കിലും സെപ്തുഅജിന്റ് ഉൾപ്പെടെയുള്ള തർജ്ജിമകളിൽ എല്ലാം യൂഫ്രട്ടീസ് എന്ന പേരാണു ഉപയോഗിച്ചിരിക്കുന്നത്. ആധൂനികകാലത്തും ഈ നദി ഇതേ പേരിൽ തന്നെ ആണു അറിയപ്പെടുന്നത്. പടിഞ്ഞാറൻ യൂഫ്രട്ടീസും (കര സു) കിഴക്കൻ യൂഫ്രട്ടീസും (മുറത് സു) ചേർന്നു തുർക്കിയിൽ ആരംഭിച്ച് സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ടൈഗ്രീസുമായി ചേർന്നു ‘ഷത് അൽ-അറബ്’ എന്ന നദിയായി ഒഴുകി പേർഷ്യൻ കടലിടുക്കിൽ കടലുമായി ചേരുകയാണു ഈ നദി.

ബൈബിളിൽ യൂഫ്രട്ടീസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ധാരാളം ഭാഗങ്ങൾ കാണുവാൻ സാധിക്കും.

“അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തു നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍.” (ഉൽപ്പത്തി 15:18; പ്രഭാ 44:21)

“നിന്റെ അതിര്‍ത്തികള്‍ ചെങ്കടല്‍ മുതല്‍ ഫിലിസ്ത്യാക്കടല്‍വരെയും മരുഭൂമി മുതല്‍ യൂഫ്രട്ടീസ് നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തദ്‌ദേശവാസികളെ ഞാന്‍ നിന്റെ കൈയിലേല്‍പിക്കും. നീ അവരെ നിന്റെ മുന്‍പില്‍നിന്നു തുരത്തണം.” (പുറപ്പാട് 23:31)

“ഇനി ഇവിടം വിട്ട് അമോര്യരുടെ മലമ്പ്രദേശത്തേക്കും അവരുടെ അയല്‍ക്കാര്‍ പാര്‍ക്കുന്ന മരുഭൂമി, മലമ്പ്രദേശം, സമതലം, നെഗെബ്, കടല്‍ത്തീരം എന്നിവിടങ്ങളിലേക്കും പോകുവിന്‍. കാനാന്യരുടെ ദേശത്തേക്കും ലബനോനിലേക്കും, മഹാനദിയായ യൂഫ്രട്ടീസുവരെയും നിങ്ങള്‍ പോകുവിന്‍. ഇതാ, ആ ദേശം നിങ്ങള്‍ക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും, അവര്‍ക്കും സന്തതികള്‍ക്കുമായി നല്‍കുമെന്നു വാഗ്ദാനം ചെയ്ത ദേശം ചെന്നു കൈയടക്കുവിന്‍.” (നീയമാവർത്തനം 1:7-8)

“നിങ്ങള്‍ കാലുകുത്തുന്ന സ്ഥലമെല്ലാം, മരുഭൂമി മുതല്‍ ലബനോന്‍വരെയും മഹാനദിയായയൂഫ്രട്ടീസ്മുതല്‍ പശ്ചിമസമുദ്രംവരെയും ഉള്ള പ്രദേശം മുഴുവന്‍ നിങ്ങളുടേതായിരിക്കും.” (നീയമാവർത്തനം 11:24)

“തെക്കുവടക്ക് മരുഭൂമി മുതല്‍ ലബനോന്‍ വരെയും കിഴക്കുപടിഞ്ഞാറ്‌ യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാ ദേശങ്ങളുമടക്കം മഹാസമുദ്രം വരെയും നിങ്ങളുടേതായിരിക്കും.” (ജോഷ്വ 1:4)

“ദാവീദ്‌ യൂഫ്രട്ടീസ് നദീതീരത്ത് തന്റെ അതിര്‍ത്തി വീണ്ടെടുക്കാന്‍ പോകവേ, റഹോബിന്റെ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്‍പിച്ചു.” (2 സാവുവൽ 8:3; cf. 1 ദിനവൃത്താന്തം 18:3)

“അവന്റെ കാലത്ത് ഈജിപ്തിലെ ഫറവോ ആയ നെക്കോ, യൂഫ്രട്ടീസ് നദിയുടെ സമീപത്ത് അസ്‌സീറിയാ രാജാവിന്റെ അടുത്തേക്കു പോയി. ജോസിയാരാജാവ് അവനെ നേരിട്ടു. മെഗിദോയില്‍വച്ചു നെക്കോ അവനെ യുദ്ധത്തില്‍ നിഗ്രഹിച്ചു.” (2 രാജാക്കന്മാർ 23:29; Cf. 2 ദിനവൃത്താന്തം 35:20)

“ഈജിപ്തുതോടുമുതല്‍ യൂഫ്രട്ടീസ്‌നദിവരെയുള്ള തന്റെ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്തുരാജാവ് ദേശത്തിനു പുറത്തുവന്നില്ല.” (2 രാജാക്കന്മാർ 24:7)

“ഗിലയാദില്‍ അവര്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നതിനാല്‍ യൂഫ്രട്ടീസ്‌ നദിയുടെ കിഴക്കു കിടക്കുന്ന മരുഭൂമി വരെയുള്ള പ്രദേശം മുഴുവന്‍ അവര്‍ അധിവസിച്ചു.” (1 ദിനവൃത്താന്തം 5:9)

“ജോസിയായുടെ മകനും യൂദാരാജാവുമായ യഹോയാക്കിമിന്റെ നാലാം ഭരണവര്‍ഷം ബാബിലോണ്‍ രാജാവ് നബുക്കദ്‌നേസർ യൂഫ്രട്ടീസ് നദീതീരത്തെ കര്‍ക്കെമിഷില്‍ വച്ച് തോല്‍പിച്ച ഈജിപ്തിലെ ഫറവോ ആയ നെക്കോയുടെ സൈന്യത്തിനെതിരേയുള്ള പ്രവചനം:… … … വേഗമേറിയവന് ഓടിയകലാനോ പടയാളിക്കു രക്ഷപെടാനോ സാധിക്കുന്നില്ല. വടക്ക്‌ യൂഫ്രട്ടീസ് തീരത്ത് അവര്‍ കാലിടറി വീണിരിക്കുന്നു. … … …  ഉത്തരദിക്കില്‍ യൂഫ്രെട്ടീസ് തീരത്ത് സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ഒരുയാഗം അര്‍പ്പിക്കുന്നു.” (ജറമിയാ 46:2, 6, 10)

“അക്കാലത്താണ് നബുക്കദ്‌നേസര്‍ രാജാവ് റാഗാവിന്റെ അതിര്‍ത്തിയിലുള്ള വിശാലമായ സമതലത്തില്‍ വച്ച് അര്‍ഫക്‌സാദ് രാജാവിനോട് ഏറ്റുമുട്ടിയത്. മലമ്പ്രദേശത്തെ ജനങ്ങളും യൂഫ്രട്ടീസ്, ടൈഗ്രീസ്, ഹിദാസ്പസ് എന്നീ നദികളുടെ തീരങ്ങളില്‍ വസിച്ചിരുന്നവരും എലിമായരുടെ രാജാവായ അറിയോക്കും സമതലത്തില്‍ വച്ച് അവനോടു ചേര്‍ന്നു. അനവധി ജനതകള്‍ കല്‍ദായസൈന്യങ്ങളോടു ചേര്‍ന്നു.” (യൂദിത്ത് 1:5-6)

“അനന്തരം, യൂഫ്രട്ടീസിന്റെ ഗതി പിന്‍തുടര്‍ന്ന് മെസൊപ്പൊട്ടാമിയായിലൂടെ കടന്ന് അബ്‌റോണ്‍ അരുവിയുടെ കരയിലുള്ള കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്തിരുന്ന നഗരങ്ങളെല്ലാം സമുദ്രപര്യന്തം തകര്‍ത്തു.”  (യൂദിത്ത് 2:24)

“പ്രഗദ്ഭനും രാജവംശജനുമായ ലിസിയാസിനെ യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്റെ അതിര്‍ത്തി വരെയുള്ള പ്രദേശത്തെ ഭരണകാര്യങ്ങള്‍ ഏല്‍പിച്ചു.” (1 മക്കബായർ 3:32)

“അതു കാഹളം പിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു: യൂഫ്രട്ടീസ് വന്‍നദിയുടെ കരയില്‍ ബന്ധിതരായിക്കഴിയുന്ന നാലുദൂതന്‍മാരെ അഴിച്ചുവിടുക.” (വെളിപാട് 9:14)

“ആറാമത്തെ ദൂതന്‍ തന്റെ പാത്രംയൂഫ്രട്ടീസ് മഹാനദിയിലൊഴിച്ചു. അപ്പോള്‍ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നുള്ള രാജാക്കന്‍മാര്‍ക്കു വഴിയൊരുക്കപ്പെട്ടു” (വെളിപാട് 16:12)

ഇവകൂടാതെ ജറമിയാ 13:4-7; 51:63 എന്നീ ഭാഗങ്ങളിലും യൂഫ്രട്ടീസ് നദിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മാത്രമല്ല യൂഫ്രട്ടീസ് നദിയെ ഉദ്ദേശിച്ചുകൊണ്ട് ‘നദി’ എന്നും ‘മഹാനദി’ എന്നുമൊക്കെ ബൈബിളിൽ പല തവണ വേറെയും ഉപയോഗിച്ചിട്ടുണ്ട് (ഉദാ: 2 സാമുവൽ 10:16; 1 രാജാ 4:21, 24; 14:15; 1 ദിനവൃത്താന്തം 1:48; 19:16;… )

മുകളിൽ പ്രതിപാദിച്ചിരിക്കുന്ന വാക്യങ്ങളിൽ നിന്നു ചില കാര്യങ്ങൾ വ്യക്തമാണു. യൂഫ്രട്ടീസ് എന്നത് ഇസ്രായേൽ ജനതക്കും ചുറ്റുമുള്ള ജനതകൾക്കും വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു നദിയായിരുന്നു. ദൈവം അബ്രാഹമിനോട് ചെയ്ത ഉടമ്പടിയിൽ അബ്രാഹാമിന്റെ സന്തതികൾക്ക് ഈജിപ്ത് മുതൽ യൂഫ്രട്ടീസ് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നീട് പല പ്രാവശ്യവും ബൈബിളിൽ ഈജിപ്ത് മുതൽ യൂഫ്രട്ടീസ് വരെ എന്നു ഉപയോഗിക്കുന്നുണ്ട്. ഇതിൽ നിന്നും യൂഫ്രട്ടീസ് എന്നത് ഒരു ഭൂവടയാളം ആയിരുന്നു എന്നു വ്യക്തമാകും.[4]

യൂഫ്രട്ടീസും ടൈഗ്രീസും ആരംഭിക്കുന്നത് തുർക്കിയിൽ നിന്നാണെങ്കിലും അവയുടെ പ്രഭവകേന്ദ്രങ്ങൾ ഒന്നല്ല. എന്നാൽ ഈ പ്രഭവകേന്ദ്രങ്ങൾ തമ്മിൽ അധികം ദൂരവും ഇല്ല (ഏകദേശം 85 കി.മീ). എങ്കിലും ഉൽപ്പത്തിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ആണെങ്കിൽ ഇവ രണ്ടും ഒരേ നദിയുടെ കൈവഴികൾ ആണു. ഒരുപക്ഷെ ഈ രണ്ടു നദിയും പുരാതനകാലത്ത് ഒരേ സ്രോതസ്സിൽ നിന്നു ഉതഭവിച്ചവയൊ ഒരേ പോഷകനദികളിൽ നിന്നു ജലം സ്വീകരിച്ചിരുന്നവയൊ ആയിരിക്കാം.

നദികൾ ചുരുക്കത്തിൽ

ഏദനിൽ നിന്നു പുറപ്പെട്ട ഒരേ നദിയുടെ നാലു കൈവഴികൾ ആയിരുന്നു ഇവയെങ്കിൽ ഇവയുടെ ദിശയും ഗതിയുമൊക്കെ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതു പോലെ ആകാൻ സാധ്യത ഉണ്ട്. ഈജിപ്തിനും യൂഫ്രട്ടീസിനുമിടയിൽ (ഏകദേശം ഇന്നത്തെ ഇസ്രായേലിലൊ ഇസ്രായേലിന്റെ അടുത്തുള്ള പ്രദേശങ്ങളിലൊ) ആരംഭിച്ച് മഹാവിഘടന-താഴ്വരയിലേക്ക് പതിച്ച് അവിടെ നിന്നു കിഴക്കോട്ടും പടിഞ്ഞാട്ടും ഒഴുകി. പിന്നീട് ഈ രണ്ടു കൈവഴികളും വീണ്ടും രണ്ടാ‍യി വിഭജിച്ച് നാലായി ഒഴുകി നീങ്ങിയിരുന്നിരിക്കണം. പിന്നീട് മഹാവിഘടനത്തിന്റെ ഭാഗമായി ഉണ്ടായ ഉയർച്ച-താഴ്ച്ചകളുടെ ഫലമായി[5] ഈ നദികളുടെ ഗതിയിൽ തടസ്സങ്ങളുണ്ടാവുകയും തത്ഫലമായി ഇവ വറ്റിവരണ്ടു പോവുകയും ചെയ്തിരുന്നിരിക്കാം. ചാവുകടൽ, ചെങ്കടൽ, ഇവയോട് ചേർന്നു നിൽക്കുന്ന പർവ്വതങ്ങൾ, അഗാധഗർത്തങ്ങൾ എന്നിവയൊക്കെ ഇവക്കു തെളിവാണു. കൂടാതെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ അറേബ്യൻ ഉപഭൂഖണ്ടത്തിൽ കണ്ടെത്തിയ പുരാതനനദികളും ഇവയ്ക്ക് തെളിവായി കരുതാം. ജോർദ്ദാൻ നദിയിലെയും എത്യോപ്പ്യ ഉൾപ്പെടെയുള്ള ആഫ്രിക്കൻ തടാകങ്ങളിലെയും മത്സ്യവർഗ്ഗങ്ങളുടെയും മറ്റും സമാനതയും[6] ഇതിനുള്ള തെളിവയി ഉയർത്തിക്കാട്ടാം.

middleeastmap.jpg

ഏദനിലെ തോട്ടം

തോട്ടം നനയ്ക്കാൻ ഏദനിൽ നിന്നു പുറപ്പെട്ട് നാലായി തിരിഞ്ഞ നാലു നദികളെകുറിച്ച് നാം വായിച്ചു. ഇനി ഏദനിലെ ഈ തോട്ടം എവിടെയായിരിക്കും? ബൈബിൾ പറയുന്നു.

“അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.”

ഈ വാക്യം ‘അവിടുന്ന് ഏദനിൽ കിഴക്ക് ഒരു തോട്ടം ഉണ്ടാക്കി’ എന്നും തർജ്ജമ ചെയ്യാം. എന്തു തന്നെ ആയാലും കിഴക്ക് ഭാഗം ആണു പ്രാധാന്യം. തോട്ടത്തെ നനച്ച നദി നാലായി പിരിഞ്ഞതിൽ രണ്ടെണ്ണം ഹവിലായിലും കുഷിലും ആണു ഒഴുകിയിരുന്നത്. ഈ രണ്ടു പ്രദേശവും തെക്കു-പടിഞ്ഞാറു ഭാഗവും ഏദൻ കൂടാതെ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശവുമാകയാൽ, വടക്ക്-കിഴക്ക് ഭാഗത്തേക്ക് ഒഴുകിയിരുന്ന നദിയായിരിക്കണം തോട്ടം നനച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഇസ്രായേൽ-ലെബനോൻ പ്രദേശമായിരിക്കണം ഏദൻ തോട്ടം എന്നതുകൊണ്ട് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുണ്ടാവുക. എസെക്കിയേൽ 28: 12-13 ഇവിടെ പ്രസക്തമാണു.

“മനുഷ്യപുത്രാ, ടയിര്‍ രാജാവിനെക്കുറിച്ച് ഒരു വിലാപഗാനം ആലപിക്കുക, അവനോടുപറയുക, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ പൂര്‍ണ തയ്ക്കു മാതൃകയായിരുന്നു; വിജ്ഞാനം തികഞ്ഞവനും സൗന്ദര്യ സമ്പുഷ്ടനും. നീ ദൈവത്തിന്റെ തോട്ടമായ ഏദനിലായിരുന്നു…”

ഈജിപ്ത് രാജാവായ ഫറവോയ്ക്കും അവന്റെ ജനത്തിനും വേണ്ടിയുള്ള പ്രവചനത്തിലും എസക്കിയേൽ ഏദൻ തോട്ടത്തെ പരാമർശിക്കുന്നുണ്ട്. ഇവിടെ എസക്കിയേൽ പ്രവാചകൻ ഏദൻ തോട്ടത്തെ ലെബനോനുമായി താരതമ്യം ചെയ്യുന്നുണ്ട് എന്നു വ്യക്തമാകുന്നു.

“… … … മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന് ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണ് നീ. … … … ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ അതിന് കിടയായിരുന്നില്ല. സരളവൃക്ഷങ്ങള്‍ അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ ശാഖകളോട് തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്ഷവും ദൈവത്തിന്റെ തോട്ടത്തില്‍ ഇല്ലായിരുന്നു. ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്ദരമാക്കി. ദൈവത്തിന്റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകല വൃക്ഷങ്ങള്‍ക്കും അതിനോട് അസൂയ തോന്നി. … … … ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതു പാതാളത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, ആഴം അതിനെച്ചൊല്ലി വിലപിക്കാന്‍ ഞാന്‍ ഇടയാക്കും. അതിന്റെ നദികളെ ഞാന്‍ തടഞ്ഞുനിര്‍ത്തും. ജലപ്രവാഹങ്ങള്‍ നിലയ്ക്കും. അതിനെക്കുറിച്ചുള്ള ദുഃഖം ലബനോനെ ആവരണം ചെയ്യും. തന്‍മൂലം വയലിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും. പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക് വലിച്ചെറിയുമ്പോള്‍ അതിന്റെ പതനത്തിന്റെ മുഴ ക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്ഷങ്ങള്‍ക്ക്, ലബനോനിലെ ശ്രേഷ്ഠമായ മരങ്ങള്‍ക്ക്, സുഭിക്ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്ഷങ്ങള്‍ക്ക്, അധോലോകത്തില്‍ ആശ്വാസം ലഭിക്കും. … … …” (cf. എസക്കിയേൽ 31)

ഉപസംഹാരം

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏദൻ തോട്ടം എവിടെയാണു എന്നുള്ള ഒരു അന്വേഷണമായിരുന്നു ഈ ലേഖനം. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്നവയെ തീർച്ചയായും ചൊദ്യം ചെയ്യാം. ഒരുപക്ഷെ ഏദൻ എന്നു പറയുന്നത് വെറുമൊരു സാങ്കൽപ്പികസ്ഥലം മാത്രം ആവാം. എങ്കിലും ആ സാങ്കൽപ്പികതക്ക് ഗ്രന്ഥകാരൻ ഒരു പ്രത്യേകസ്ഥലം മനസ്സിൽ കണ്ടിട്ടുണ്ടെങ്കിൽ അതു തീർച്ചയായും ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ ഇസ്രായേൽ-ലെബനോൺ പ്രദേശം ആകാം.

ചരിത്രസത്യങ്ങളെക്കാൾ ഉപരി ഏദനിലെ തോട്ടവും അതിനെ ചുറ്റിപറ്റിയുള്ള കഥകളും നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ സത്യം ഉണ്ട്. അതു ഈ ലോകം സൃഷ്ഠിക്കപ്പെട്ടത് എല്ലാവർക്കും വേണ്ടി ആണു. ഏദൻ എന്ന ഹീബ്രൂ പദത്തിന്റെ വിവിധ അർത്ഥങ്ങളിൽ ഒന്നു ‘സന്തോഷം’ എന്നാണു. സന്തോഷത്തിൽ ജീവിക്കാനുള്ള ദൈവത്തിന്റെ പദ്ധതി ഉപേക്ഷിച്ചുകളഞ്ഞത് മനുഷ്യന്റെ സ്വാർത്ഥത ആണു. ദൈവത്തിന്റെ കൽപ്പനകൾ പാലിച്ച് അവിടുത്തെ ഹിതമനുസരിച്ചു ജീവിച്ചാൽ ഏദൻതോട്ടം നമുക്ക് ഈ ലോകത്തിൽ വീണ്ടും സൃഷ്ഠിക്കുവാൻ സാധിക്കും.

“ഇതെല്ലാമാണ് അത്യുന്നതദൈവത്തിന്റെ ഉടമ്പടിഗ്രന്ഥം; യാക്കോബിന്റെ സമൂഹങ്ങള്‍ക്ക് അവകാശമായി മോശ നമുക്കു കല്‍പിച്ചു നല്‍കിയ നിയമം. അതു മനുഷ്യരെ ജ്ഞാനം കൊണ്ടു പിഷോന്‍നദി പോലെയും ആദ്യഫലകാലത്തെ ടൈഗ്രീസ് നദിപോലെയും നിറയ്ക്കുന്നു. യൂഫ്രട്ടീസ്‌ പോലെയും വിളവെടുപ്പുകാലത്തെ ജോര്‍ദാൻ പോലെയുംഅത് അവരെ ജ്ഞാനപൂരിതരാക്കുന്നു. അത് നൈല്‍പോലെയും മുന്തിരിപഴുക്കുംകാലത്തെ ഗീഹോന്‍പോലെയുംപ്രബോധനത്തെ പ്രവഹിപ്പിക്കുന്നു” (പ്രഭാഷകൻ 24:23-27)

ബിബിൻ മഠത്തിൽ

—————————————-

[1] പി. ഒ. സിയുടെ മലയാളം തർജ്ജമയിൽ “ഏബറിനു രണ്ടു പുത്രന്മാരുണ്ടായി. ഒരുവന്റെ പേരു പെലെഗ്. കാരണം, അവന്റെ കാലത്താണു അവർ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേർ യോക്താൻ.” എന്നാണു കാണുന്നത്. ഇതു തെറ്റായ തർജ്ജമ ആണ്. കാരണം ഫലഗ് (פּלג) എന്ന ഹീബ്രൂ പദത്തിന്റെ അർത്ഥം ‘വിഭജിക്കുക’ എന്നാണു. ഉൽപ്പത്തി 10:25 -ൽ ഉപയോഗിച്ചിരിക്കുന്നത് ഈ ക്രിയാപദത്തിന്റെ നിഫാൽ (niphal perfect 3rd person feminine singular) രൂപമായ ‎  נִפְלְגָ֣ה (നിഫ്.ല്ഗാഹ്) എന്ന പദം ആണു. ഹീബ്രൂ ക്രിയാരീതി അനുസരിച്ച് നിഫാൽ എന്നത് പൊതുവിൽ അപൂർണ്ണമായ കർമ്മണിപ്രയോഗമൊ സ്വയംപ്രതിഫലനാത്മകമായ ക്രിയാപ്രയോഗത്തെയൊ (reflexive voice) ആണു സൂചിപ്പിക്കുന്നത്. അതിനാൽ ഇവിടെ ‘ഭൂമി വിഭജിക്കപ്പെട്ടു’ (കർമ്മണിപ്രയോഗം) എന്നൊ ‘ഭൂമി സ്വയം വിഭജിക്കപ്പെട്ടു’ (reflexive voice) എന്നൊ തർജ്ജമ ചെയ്യുന്നതാണു ഉചിതം. മാത്രമല്ല, ഭൂമി എന്ന വാക്കാണു ഹീബ്രൂവിൽ സ്ത്രീലിംഗ-ഏകവചനം ആയിട്ടുള്ളത്. അതിനാൽ ‘അവർ ഭൂമി വിഭജിച്ചു’ എന്ന രീതിയിൽ ബഹുവചനം ഉപയോഗിക്കുവാനും പാടില്ല.

[2] Josephus, Flavius. “Antiquities of the Jews – Book I”. Chapter 1.3. And Phison, which denotes a multitude, running into India, makes its exit into the sea, and is by the Greeks called Ganges. Euphrates also, as well as Tigris, goes down into the Red Sea.

[3] ഈ മഹാപിളർപ്പിനു ശേഷം ആനു സീനായി ഉപഭൂഖണ്ടം ഉണ്ടായതെന്നും ചെങ്കടൽ രൂപീകരിക്കപ്പെട്ടതെന്നും വിശ്വസിച്ചു പോരുന്നു.

[4] ഈ യൂഫ്രട്ടീസിനപ്പുറമായിരുന്നു മെസപ്പൊട്ടാമിയ. കിഴക്കു ടൈഗ്രീസും പടിഞ്ഞാറ് യൂഫ്രട്ടീസും അതിരുതിരിക്കുന്നതു കൊണ്ടാണു മെസപ്പൊട്ടമിയ എന്ന ദേശത്തിനു ആ പേരു വന്നത്. മെസപ്പൊട്ടാമിയ എന്നാൽ ‘നദികൾക്കിടയിലുള്ള ദേശം’ എന്നാണു അർത്ഥം.

[5] നോഹയുടെ കാലത്തെ ജലപ്രളയത്തിനെപ്പോലും ഈ മഹാവിഘടനത്തിന്റെ കാലമായി കണക്കുകൂട്ടാവുന്നതാണു. അതേപൊലെ തന്നെ അബ്രാഹാമിന്റെ കാലത്ത് സോദോം ഗമോറയിൽ അഗ്നിയിറങ്ങിയതു ഭൂമിയുടെ വിഘടന-കൂടിച്ചേരലിന്റെ ഭാഗമായി ഉണ്ടാകുന്ന അഗ്നിപർവ്വതമൊ മറ്റൊ ആയി വ്യാഖ്യാനിക്കാവുന്നതാണു.

[6] Cf. R. Washbourn, The Percy Sladen Expedition to Lake Huleh, 1935, Palestine Exploration Fund, Quarterly Statements, (1936), p. 209. ((Source website:http://www.varchive.org/itb/rift.htmn)

അരനാഴികനേരം

അരനാഴികനേരം അരികത്തിരുന്നു ഞാൻ
അമ്മേ ജപമാല ചൊല്ലിടുന്നു (2)
ജപമണിയോരോന്നും മിഴിനീരിൽ നനച്ചു ഞാൻ
ചാരേയണച്ചു പ്രാർത്ഥിക്കുന്നു (2)
അലിവിൻ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങൾക്കായി നിത്യം പ്രാർത്ഥിക്കണേ. (2)

ദിവ്യരഹസ്യങ്ങൾ ധ്യാനിച്ചിടുമ്പോൾ
മനതാരിൽ ക്രൂശിതനെ കണ്ടിടുന്നു (2)
അഴലിന്റെ ആഴത്തിൽ തേങ്ങുന്നൊരമ്മയെ
കുരിശിന്റെ വഴിയിൽ കണ്ടിടുന്നു (2)
അലിവിൻ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങൾക്കായി നിത്യം പ്രാർത്ഥിക്കണേ. (2)

ദൈവമാതാവിൻ ലുത്തിനിയ ചൊല്ലുമ്പോൾ
സ്വർഗ്ഗീയവഴിയേ ഞാൻ നടന്നിടുന്നു (2)
ഹവ്വാ തന്നുടെ പരിത്യക്ത സുതരെ
കൈവിടാതമ്മേ കാത്തിടണേ (2)
അലിവിൻ നിറവേ, അമലോത്ഭവേ അമ്മേ
ഞങ്ങൾക്കായി നിത്യം പ്രാർത്ഥിക്കണേ. (2)

Directed : Fr. Shinto Edassery CST 
Music : George Peter 
Lyrics : Aron Romy Mendonza 
Sung : Sreya Jayadeep
Programming & Orchestration : Domnic Martin

പനിനീർ പൂപോലരമ്മ

പനിനീർ പൂപോലരമ്മ
മിഴിനീര് തൂകുന്നൊരമ്മ (2)
ലാവണ്യമോടെ വാഴുന്നു നിത്യം
കാരുണ്യക്കടലാം പരിശുദ്ധ അമ്മ (2)
(പനിനീർ പൂപോലരമ്മ…)

സുഗന്ധവാഹിനി ആയൊരമ്മ
സുകൃതത്തിൻ രാജ്ഞിയാമമ്മ (2)
നന്മ നിറഞ്ഞ മറിയമേ അമ്മേ
ഞങ്ങൾക്കായി നിത്യം പ്രാർത്ഥിക്കണമെ (2)
പ്രാർത്ഥിക്കണമെ.
(പനിനീർ പൂപോലരമ്മ…)

ഒരു നിഴൽ പോലെ ഈ ജീവിതം
അവനിയിൽ നിന്നു മാഞ്ഞിടുമ്പോൾ (2)
രക്ഷകനേശുവിൻ തിരുമുഖം കാണാൻ
നൽവരമേകണെ ദൈവമാതാവേ (2)
ദൈവമാതാവേ.
(പനിനീർ പൂപോലരമ്മ…)

Directed : Fr. Shinto Edassery CST
Music : George Peter
Lyrics : Aron Romy Mendonza
Sung : Dixon Raphel & Rani Joy Peter
Programming & Orchestration : Domnic Martin

ദു:ഖത്തിന്‍റെ പാന പാത്രം

ദു:ഖത്തിന്‍റെ പാന പാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍ (2) (ദു:ഖത്തിന്‍റെ..)

ദോഷമായിട്ടൊന്നും എന്നോട്
എന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു (2) (ദു:ഖത്തിന്‍റെ..)

കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാന്‍ (2) (ദു:ഖത്തിന്‍റെ..)

ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്‍റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേ ഉള്ളൂ (2) (ദു:ഖത്തിന്‍റെ..)

Dhukhathinte Paanapaathram (Traditional Song) 
Lyrics -Moothampakal Sadhu Kochu Kunju Upadesi
Album - En Priyan Vishwasthan 
Producer - Jolly Joseph 
Singer - Joel Padavath 
Orchestration - Blemin Babu 
Music Production - BB Music Productions 
Visuals Shoot & Edit - Don Valiyavelicham 
Post Production - D-Movies

ഓ സ്നേഹമേ..ഓ ജീവനെ..

ഓ സ്നേഹമേ..ഓ ജീവനെ..
ഓ ദിവ്യകാരുണ്യമേ..
ഒന്നാകുവാന്‍..ഉയിരാകുവാന്‍
ഉരുകുന്നുവോ ക്രൂശിതില്‍..

കനിവിലും നിനവിലും
ഇരവിലും തിരുവരമരുളണെ…
മിഴിയിലും മൊഴിയിലും
അഴലിലും അനുഗ്രഹമരുളണേ..

നോവും നെഞ്ചിൽ തൂവും സ്നേഹം
നീയാണല്ലോ എന്നീശോയെ.. (2)
(ഓ സ്നേഹമേ…)

മോക്ഷമേ മൗനമായി മൊഴിയും നിൻ വാക്കുകൾ
സാക്ഷ്യമായി പ്രാണനിൽ സ്നേഹനാളമായി
ഈശോ വാഴുന്നേരം നെഞ്ചം ശ്രീകോവിലായി
ആത്മാവിൽ നാം ഒന്നായിത്തീരും ആനന്ദമായി
ദാഹമായി നിന്നെ പുൽകാൻ മോഹമായി
മാറിൽച്ചേരാൻ സ്വർഗീയലാവണ്യമേ..

ലോകത്തിൻ പാപങ്ങൾ നീക്കിടും കുഞ്ഞാടെ
ആരാദ്ധിച്ചീടുന്നേ ദൈവത്തിൻ പൊൻസൂനോ.. (2)
(ഓ സ്നേഹമേ..)

ക്രൂശിതാ ധാരയായി ഒഴുകും നിൻ ചെന്നിണം
ഏഴയായി എന്നിൽ നീ സൗഖ്യസായൂജ്യമായി
കാണാക്കണ്ണിൽ ദീപം നൽകും പൊൻതാരമേ..
തോരാക്കണ്ണീർ വീഞ്ഞായി മാറ്റും പൊൻപാണിയെ…
ദാഹമായി നിന്നെ പുൽകാൻ മോഹമായി
മാറിൽചേരാൻ ഓ ദിവ്യകാരുണ്യമേ..

ലോകത്തിൻ പാപങ്ങൾ നീക്കിടും കുഞ്ഞാടെ
ആരാദ്ധിച്ചീടുന്നേ ടവത്തിന് പൊൻസൂനോ.. (2)
(ഓ സ്നേഹമേ..)

(കനവിലും…)

Album : KAVAL
Lyrics & Music : Fr. Shinto Edassery CST
Singer :Sreya Jaydeep
Produced by : Jifin A. Joseph (Vachanam Audios) 
Orchestration : Domnic Martin 
Studio : Green Waves 
Mixed by : Pravij Prabhakar

നാഥാ നിന്നെക്കാണാന്‍…

 

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍ (2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍
നിഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍ (നാഥാ..)
കൈവിടല്ലേ നാഥാ തള്ളിടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ (2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം (2) (നാഥാ..)
കൈകള്‍ തളരുമ്പോള്‍ കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍ (2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍ ലക്‌ഷ്യം നേടീടാന്‍ (2) (നാഥാ..)
Album - Jeevadhaara
Singer - Sujatha
Lyrics - Santhosh George
Music - Pradeep Eapen Thomas
Producer - Abraham Parangot
Director - Asha Joseph

Create a free website or blog at WordPress.com.

Up ↑